ബ്രെന്റ് അസംസ്കൃത എണ്ണയുടെ വില സൗദി അറേബ്യ
30 ശതമാനത്തിലധികം കുറച്ചത് രാജ്യാന്തര തലത്തില്‍ എണ്ണ വില യുദ്ധത്തന് തുടക്കമിട്ടു. 1991 ലെ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് എണ്ണ വിലയില്‍ ഇത്രയധികം ഇടിവ് ഉണ്ടാകുന്നത്. എണ്ണ ഉല്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും റഷ്യയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് എണ്ണയുടെ ആവശ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതിനാല്‍ ദിവസേനയുള്ള എണ്ണ ഉല്പാദനം 1.5 ദശലക്ഷം ബാരലിലേക്ക് കുറയ്ക്കണമെന്ന് സൗദി അറേബ്യ നയിക്കുന്ന ഒപെക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യ ഈ ആവശ്യം അംഗീകരിച്ചില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില പ്രഖ്യാപിച്ചാണ് സൗദി എണ്ണ വില യുദ്ധത്തിന് തുടക്കം കുറിച്ചത്.
കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടത് മൂലധന വിപണിയിലും ഊര്‍ജ്ജ മേഖലയിലെ നിക്ഷേപത്തിലും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ എണ്ണ ഉല്പാദിപ്പിക്കുന്നതില് സൗദി അറേബ്യയ്ക്കൊപ്പം നില്ക്കാന് മറ്റൊരു രാജ്യത്തിന് സാധ്യമല്ല. ലാഭ നഷ്ടങ്ങളില്ലാത്ത തുകയില്‍ എണ്ണ ഉല്പാദിപ്പിക്കുന്നത് പരിശോധിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ ഇത് വ്യത്യസ്ത നിരക്കിലാണെന്ന് കാണാം. ഈ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഉല്പാദനത്തിലും കയറ്റുമതിയിലും ഉള്ള സംതുലനവും വ്യാപാര ബജറ്റും നിലനില്‍ക്കുന്നത്.
ലാഭ നഷ്ടങ്ങളില്ലാതെ റഷ്യ എണ്ണ വില്‍ക്കുന്നത് ബാരലിന്
42 ഡോളര്‍ വിലക്കാണ്. അതേസമയം, സൗദി ആരാംകോയുടെ വില ബാരലിന് 83.60 ഡോളറാണ്. ഇതിനാലാണ് ബ്രെന്റ് അസംസ്കൃത എണ്ണയുടെ വില ബാരലിന് 31 ഡോളറായി കുറച്ചത്, ഒരു ദീര്‍ഘകാല എണ്ണ വില യുദ്ധത്തിന് തുടക്കം കുറിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ബ്രെന്റ് അസംസ്കൃത എണ്ണയുടെ വില കുറഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തില്‍ നിന്ന് കരകയറ്റുമോ?, വിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കളേയും നിക്ഷേപകരേയും എങ്ങനെയാണ് ബാധിക്കുക, എന്നതനുസരിച്ചാവും ഇതിന്റെ ഉത്തരം. എന്നാല്‍, ഊര്‍ജ്ജ മേഖലയിലെ നിക്ഷേപക തീരുമാനങ്ങളേയും ആഗോള വളര്‍ച്ചയേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എണ്ണ വിലയിലുണ്ടായ ഇടിവ് നികുതി ഭാരമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേര്‍ന്നാല്‍ മാത്രമേ അവര്‍ക്ക് ഇതില്‍ നിന്ന് നേട്ടമുണ്ടാവുകയുള്ളു.
കൊറോണ പൊട്ടിപുറപ്പെട്ടതു മൂലം എണ്ണ ഖനനത്തിലും എണ്ണയുടെ ആവശ്യത്തിനും കുറവ് വന്നേക്കാം. അമേരിക്കയുടെ ഷെയില്‍ എണ്ണ ഉല്പാദനത്തെയും ഇത് ബാധിക്കാം. എങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ ഈ വിലയിടിവ് ബാധിച്ചേക്കില്ല. പക്ഷേ, ഓഹരി വിപണി ക്രൂഡ് ഓയില്‍ ഓഹരി ഉടമകളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. എണ്ണ വിലയില്‍ പത്ത് ഡോളറിന്റെ കുറവുണ്ടാകുമ്പോള്‍ എണ്ണ ഉല്പാദക രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് നിന്ന് 0.3 ശതമാനം കുറവുണ്ടാവുകയും ഇത് എണ്ണ ഉപഭോക്ത്യ രാജ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. റഷ്യയുടെ കഴിഞ്ഞ 10 വര്‍ഷത്തെ കടപത്രത്തില് നിന്നുള്ള വരുമാനത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2.56 ശതമാനം. സൗദി, അമേരിക്ക എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി ഇങ്ങനെ തന്നെ എന്നത് വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. എണ്ണ വിലയിലെ യുദ്ധം ചെറുകിട വ്യാപാര കേന്ദ്രങ്ങളേയും മൂലധന വ്യാപാരത്തേയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
എണ്ണയുടെ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. എണ്ണവില കുറച്ച് വിപണി കൈയടക്കാനുള്ള റഷ്യന്‍ ശ്രമത്തിനൊപ്പം മത്സരിച്ച് നില്‍ക്കുകയാണ് റിയാദ്. ഷെയില്‍ എണ്ണ നിര്‍മ്മാണത്തില്‍ അമേരിക്കയോടൊപ്പം കടപിടിക്കുകയാണ് മറ്റൊരു ലക്ഷ്യം. ബ്രെന്റ് ഓയില്‍ വിലയില്‍ 20 ഡോളറിന്റെ കുറവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ 30 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. എണ്ണ വിലയിലെ ചാഞ്ചാട്ടം കുറച്ച് നാളത്തേക്ക് മാത്രമുള്ളതാണ്. ഇതിലൂടെ ഏറെ നാളത്തെ സാമ്പത്തിക ലാഭം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.
എണ്ണ ഉല്പാദനം കുറച്ച് എണ്ണ വിലയില്‍ വര്‍ദ്ധനയുണ്ടാക്കാനാണ് റഷ്യയും സൗദി അറേബ്യയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചത്. അതേസമയം, ഷെയില്‍ കമ്പനിയിലൂടെ വിപണി വര്‍ദ്ധിപ്പിക്കാനും ലാഭം ഇരട്ടിപ്പിക്കാനുമാണ് അമേരിക്ക ശ്രമിച്ചത്. റഷ്യയുടെ ഊര്‍ജ്ജ മേഖലയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് ആഗോള തലത്തില്‍ വ്യാകുലതകള്‍ സൃഷ്ടിച്ചിരുന്നു. എണ്ണ വിലയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് എണ്ണ വില കുറയ്ക്കാനാണ് റഷ്യയുടെ ശ്രമം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉല്പാദന സംഘത്തിന് ഇത് കടുത്ത വെല്ലുവിളിയായേക്കും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………
തയ്യാറാക്കിയത് : ഡോ. ലേഖ എസ്. ചക്രബര്‍ത്തി,
പ്രൊഫസര്‍, NIPFP & റിസര്‍ച്ച് അസോസിയേറ്റ്,
ദി ലെവി ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ബാര്‍ഡ് കോളേജ്, ന്യൂയോര്‍ക്ക്
വിവരണം : കിരണ്‍ ശങ്കര്‍