കോവിഡ് – 19 നേരിടുന്നതിന് സാര്‍ക്ക് രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ അംഗ രാജ്യങ്ങളുടേയും സഹകരണത്തോടെ പൊതുവായ ഒരു പ്രതിരോധ സംവിധാനം രൂപീകരിക്കുന്നത് രോഗവ്യാപനം തടയുന്നതിനുള്ള ഉചിതമായ നടപടിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശ്രീ. നരേന്ദ്രമോദിയുടെ ആഹ്വാനം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. SAARC അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതിന് ഒത്തൊരുമിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. സാര്‍ക്കിന്റെ സുപ്രധാന അംഗങ്ങളായ ഇന്ത്യയും, പാകിസ്ഥാനും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് മഹത്തായ ഒരു ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു എന്നത് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാകുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കാരണമാകും.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദവും, വിശ്വാസവും, പരസ്പര സഹകരണവും വളര്‍ത്തുക എന്നതാണ് സാര്‍ക്കിന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ ജനങ്ങളുടെ ക്ഷേമവും, ജീവിത നിലവാരവും ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് സാമ്പത്തിക, സാമൂഹ്യ, സംസ്‌കാരിക രംഗങ്ങളിലെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാര്‍ക്ക് നടപ്പിലാക്കുന്നത്. അംഗരാജ്യങ്ങളുടെ സമഗ്ര വികസനത്തിന് ബഹുമുഖ സമീപനം നടപ്പിലാക്കണമെന്ന് 15-ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ രാഷ്ട്രതലവന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഏറെ അംഗീകാരവും പ്രാധാന്യവുമുള്ള സംഘടനയാണ് സാര്‍ക്ക്. മൂന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള സാര്‍ക്ക്, മേഖലയിലെ സഹകരണത്തിനും വികസനത്തിനും നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിവരുന്നത്.
സാര്‍ക്കിന്റെ സ്ഥാപക മെമ്പര്‍ എന്ന നിലയില്‍ മേഖലയിലെ രാഷ്ട്രങ്ങളുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനുമായി നിതാന്ത പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്.
2014 മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അയല്‍ രാജ്യങ്ങളുമായി സുദൃഢമായ ബന്ധമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. സാര്‍ക്ക് രാഷ്ട്രങ്ങള്‍ തമ്മിലും സൗഹൃദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ ശക്തമായ അയല്‍രാജ്യ നയത്തിന്റെ തെളിവായി ഇതിനെ കാണാം.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള തീവ്രവാദം, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ എന്നിവ കാരണം സാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നില്‍ക്കുന്ന സമീപനം ഇന്ത്യ മുമ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍, കൊറോണ ആഗോള വിപത്തായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇതിനെതിരെ ജാഗരൂകമായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി അംഗരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വ്യാപനത്തിനെതിരെ അംഗരാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തത്. ഈ അവസരത്തില്‍ എല്ലാ രാജ്യങ്ങളും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ചര്‍ച്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള അടിയന്തര ഫണ്ടിലേക്ക് 10 ദശലക്ഷം ഡോളര്‍ ഇന്ത്യ സംഭാവന ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീതി വേണ്ട, ജാഗ്രതയാണ് ഈ സമയത്ത് നാം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടുകള്‍ക്ക് സാര്‍ക്ക് രാഷ്ട്രങ്ങള്‍ പിന്തുണ അറിയിച്ചു. ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ സാര്‍ക്ക് മേഖലയില്‍ നിന്ന് ഈ മഹാവിപത്തിനെ തുരത്താന്‍ സാധിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
കെ.പി. ശര്‍മ്മ ഒലി അഭിപ്രായപ്പെട്ടു.
1.8 ബില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ അധിവസിക്കുന്ന ഈ മേഖലയില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്. ശ്രമകരമായ ഈ ദൗത്യത്തില്‍ വിജയിക്കാന്‍, അംഗ രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : അമല്‍ജ്യോതി മജൂംദര്‍,
ഡയറക്ടര്‍, ഇ.എസ്.ഡി.

വിവരണം : ശ്യാമ