ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോറോണ നേരിടുന്നതിനായി സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു. മാത്രമല്ല ഈ നിര്‍ദ്ദേശം ദക്ഷിണേഷ്യയുടെ മൊത്തം ശ്രദ്ധ ആകര്‍ഷിച്ചു. മേഖലയിലെ രാജ്യങ്ങളെല്ലാം ജനസാന്ദ്രത കൂടിയവയാണെന്നതിനാല് കൊറോണ ഭീഷണി വളരെ വലുതാണ്. ഇതു കൊണ്ട് തന്നെ പ്രതിരോധവും പ്രയാസമേറിയതാകുന്നു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ബാധ ലോകത്തിലിതുവരെ 7000-ല്‍ അധികം ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. വളരെയധികം രാജ്യങ്ങള്‍ ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയും, പൊതുസ്ഥലങ്ങള്‍ അടച്ചും പൗരന്മാരോട് വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിച്ചും ഇതിനെ നേരിടാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. വൈറസ് ബാധ ഗുരുതരമായ ചൈന, ഇറ്റലി, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിച്ചുവെന്നു മാത്രമല്ല അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന നയത്തിന്റെ ഭാഗമായി ബംഗ്ലാദേശ്, മാലദ്വീപ് പൗരന്മാരേയും ഇന്ത്യ തിരികെ കൊണ്ടു വന്നു. കര്‍ശന പരിശോധനയാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംശയമുളളവരെയെല്ലാം ക്വാറന്റൈന് ചെയ്തു വരുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വളരെ കുറച്ച് കേസുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളൂ. ഇന്ത്യയില്‍ 100 ല്‍ അധികവും, പാകിസ്ഥാനിന് 55, മാലദ്വീപ് 8, അഫ്ഗാനിസ്ഥാന് 7, ശ്രീലങ്ക 3, ബംഗ്ലാദേശ് 2, നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളില്‍ 1 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ എണ്ണം. ശ്രീലങ്കയും, മാലെദ്വീപും ഒഴികെയുളള രാജ്യങ്ങള്‍ രോഗങ്ങളെ നേരിടുന്നതിനുളള, അന്താരാഷ്ട്ര റാങ്കിംഗില്‍ പിന്നിലാണ്. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്തരമൊരു റാങ്കിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മഹാമാരിയെ നേരിടുന്നതിലുളള അനുഭവങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ പങ്കു വയ്ക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങള്‍ക്ക് കോവിഡ്-19 നേരിടുന്നതിനുളള സാമ്പത്തിക പരാധീനത മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ്-19 ഫണ്ട് എന്ന ആശയം മുന്നോട്ടു വച്ചത്. ആദ്യ സംഭാവനയായി ഇന്ത്യ 70 കോടി രൂപ നല്‍കുകയും ചെയ്തു. കോവിഡ്-19 നെ നേരിടുന്നതിനായി ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കം. സാര്‍ക്ക് നേതൃത്വത്തിലുളള ദുരന്തനിവാരണ സംവിധാനത്തിനുപുറമേ മഹാമാരികള്‍ നേരിടുന്നതിനായി യോജിച്ചുളള പ്രോട്ടോകോള്‍ തയ്യാറാക്കുക എന്ന ആശയം ശ്രീ മോദി മുന്നോട്ടുവച്ചു.
വീഡിയോ കോണ്ഫറന്സിനായുളള ആഹ്വാനം സാര്‍ക്ക് രാഷ്ട്രത്തലവന്മാര് സ്വാഗതം ചെയ്തു. പാകിസ്ഥാന് പ്രധാനമന്ത്രി മാത്രമാണ് പങ്കെടുക്കാതിരുന്നത്. ആരോഗ്യ സഹമന്തിയെയാണ് പാകിസ്ഥാന് നിയോഗിച്ചത്. പങ്കെടുത്ത രാഷ്ട്രത്തലവന്മാര് അതതു രാജ്യങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും സഹകരണത്തിനുളള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഈ വെല്ലുവിളി നേരിടാനാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് അഭിപ്രായപ്പെട്ടു. കോവിഡ്-19 ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികളും ഐസൊലേഷനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യവുമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ സൂചിപ്പിച്ചത്. ടെലി മെഡിസിന് സംവിധാനത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി, കര അതിര്‍ത്തി മാത്രമുളള രാജ്യങ്ങള്‍ക്ക് അതിര്‍ത്തികള്‍ അടയ്ക്കുക എളുപ്പമാകില്ലെന്നും അഭിപ്രായപ്പെട്ടു. കോവിഡ് നിരീക്ഷണ വിവരങ്ങള്‍ പങ്കിടണമെന്ന ആശയം പാകിസ്ഥാന് മുന്നോട്ടു വച്ചു. സാര്‍ക്ക് ആരോഗ്യമന്ത്രിമാരുടെയും, സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സ് നടത്തണമെന്നും യോജിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതാവശ്യമാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു. പ്രതിസന്ധി ഒരുമിച്ചു നേരിടണമെന്നുളള ഇന്ത്യയുടെ നിര്‍ദ്ദേശം നേപ്പാളും ഭൂട്ടാനും സ്വാഗതം ചെയ്തു.
എല്ലാ സാര്‍ക്ക് രാഷ്ട്രത്തലവന്മാരേയും ക്ഷണിച്ച് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതിലൂടെ സഹകരിച്ചു പ്രവര്‍ത്തിക്കാനുളള ഇന്ത്യയുടെ ആഗ്രഹമാണ് വെളിവായത്. രോഗികളുടെയും വാഹകരുടെയും നിരീക്ഷണത്തിനായി ഇന്ത്യ തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് സര്‍വ്വയലന്‍സ് പോര്‍ട്ടലിന്റെ
സോഫ്റ്റ് വെയര്‍ ആവശ്യമെങ്കില്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് നല്കാന് ഇന്ത്യ സന്നദ്ധത അറിയിച്ചു. ഒരുമിച്ചുളള ഗവേഷണത്തിനും പോര്‍ട്ടല്‍ ഉപയോഗിക്കാനാകും. വീഡിയോ കോണ്‍ഫറന്‍സ് എന്ന പ്രധാനമന്ത്രിയുടെ ചടുലമായ നിര്‍ദ്ദേശവും അതിനോടുളള സാര്‍ക്ക് രാഷ്ട്രത്തലവന്മരുടെ ഊഷ്മളമായ പ്രതികരണവും യോജിച്ചുളള കോറോണ പ്രതിരോധത്തിന് ഊര്‍ജ്ജം പകരും.
തയ്യാറാക്കിയത് : ഡോ.സ്മൃതി എസ്.പട്നായക്
ദക്ഷിണേഷ്യകാര്യങ്ങളിലെ വിദഗ്ധ
വിവരണം : ദീപു എസ്. എല്‍