കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്ത് വലിയ ജാഗ്രത വേണമെന്ന് ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍ അലംഭാവം കാട്ടരുതെന്ന് ഓരോ പൗരനോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോകമാകമാനം നാശം വിതയ്ക്കാന്‍ പോന്ന മാരകവും വിനാശകരവുമായ ഈ രോഗം ഇന്ത്യന്‍ തീരങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്നും അതിനെ നമുക്ക് അവഗണിക്കാന്‍ ആകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 130 കോടി ഇന്ത്യാക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊറോണയ്ക്കെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടിയെങ്കിലും താരതമ്യേന ചെറിയ ശതമാനം ആളുകള്‍ക്കാണ് ഇത് ബാധിച്ചത് എന്നതിനാല്‍ ഭീഷണിയെ കുറച്ച് കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊക്കെ പ്രാരംഭ ഘട്ടത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ഘട്ടങ്ങളില്‍ വ്യാപനം പെട്ടെന്ന് ഉയരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ഇന്ത്യയിലെ ഓരോ പൗരനും ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. രോഗം ബാധിച്ച ആളുകളെ മാറ്റി പാര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ ഈ രോഗത്തിന്റെ വ്യാപനത്തെ തടയാന്‍ സാധിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വെല്ലുവിളികളെ നേരിടാന്‍ പൂര്‍ണസജ്ജമാണെന്നും ശ്രീ.മോദി പറഞ്ഞു. എങ്കിലും ഈ മഹാ വിപത്തിനെതിരെ പോരാടാന്‍ 130 കോടി പൗരന്മാര്ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തില്‍ ജാഗ്രതയും സംയമനവുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള രണ്ടു മാര്‍ഗങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും സ്വയം ആരോഗ്യത്തോടെ ഇരിക്കുമെന്നും രോഗബാധിതരാകില്ലെന്നും മറ്റുള്ളവര്‍ക്ക് പകര്ത്തില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. പുറത്തിറങ്ങി ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കി വീട്ടില്‍ തന്നെ ഇരിക്കുന്ന സമീപനം സ്വീകരിച്ചാല്‍ അതിലൂടെ ഈ വിപത്തിന് പരിഹാരം കാണാനാകും. അതിനായി രാജ്യം മുഴുവന്‍ മറ്റെന്നാള്‍ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റെന്നാള്‍ രാവിലെ ഏഴു മണിമുതല്‍ രാത്രി ഒമ്പതു മണിവരെയായിരിക്കും ജനതാ കര്‍ഫ്യൂ. ഞായറാഴ്ച ആളുകള്‍ സ്വമേധയാ അവരവരുടെ വീടുകള്‍ വിട്ട് പുറത്തു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനും പൗരന്മാരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ആഭ്യന്തര- അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടല്‍, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം പേര് വീടുകളിലിരുന്ന് ഓഫീസ് ജോലികള്‍ നിര്‍വ്വഹിക്കല്‍, ഷോപ്പിങ്ങ് മാളുകള്‍ അടയ്ക്കല്‍, സിനിമാ ശാലകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ ഭാഗികമായി അടച്ചിടല്‍ എന്നിവ നിയന്ത്രിച്ച കാര്യങ്ങളില്‍ പെടുന്നു.
ആളുകളുടെ പരസ്പരമുള്ള ഇടപെടലിലൂടെ കാട്ടുതീ പോലെ പടരുന്ന കോവിഡ് 19 നമ്മുടെ രാജ്യത്ത് അതിന്റെ നിര്‍ണായകമായ മൂന്നാംഘട്ടത്തില്‍ പ്രവേശിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഫലപ്രദമായ മാര്‍ഗം സാമൂഹികമായ ഒറ്റപ്പെടല്‍ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ എന്ന നിലയില്‍, നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകുകയും അതില്‍ അവര്‍ സ്വമേധയാ പങ്കാളികളാകുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ശ്രീ.മോദിയ്ക്ക് നന്നായി അറിയാം. അതുപോലെ കടകളും മറ്റും അടഞ്ഞുകിടന്നാല്‍ അസംഘടിത മേഖലയിലെ ദൈനംദിന വേതനക്കാരുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള ദുരവസ്ഥയെ കുറിച്ചും പ്രധാനമന്ത്രിയ്ക്കറിയാം. ഇത്തരം നിയന്ത്രണങ്ങള്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന ആഘാതവും വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വരുമാനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിനുള്ള ഹൃദയവിശാലത തൊഴിലുടമകള്‍ക്ക് ഉണ്ടാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളിലും അടിസ്ഥാന സൗകര്യ വിഷയങ്ങളിലും ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി അത്യാവശ്യമല്ലാത്ത ആശുപത്രി യാത്രകള്‍ക്കും ചികിത്സകള്‍ക്കുമായി മെഡിക്കല്‍ സേവനത്തെ ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വലിയ പ്രതിസന്ധിയില്‍ സ്വന്തം ജീവന്‍പോലും അവഗണിച്ചുകൊണ്ട് ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ ജീവനക്കാരെയും പ്രധാനമന്ത്രി അഭിനനന്ദിച്ചു. ഇവരുടെ സേവനം കണക്കിലെടുത്ത് അവരെ പ്രത്യേകമായി അഭിനന്ദിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊറോണയ്ക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം നിര്‍ണായകമാണെന്നതിനാല്‍ രാജ്യത്തിന്റെ മനോവീര്യം, ചൈതന്യം എന്നിവ ഉയര്‍ത്തിപ്പിടിക്കാനുള്ള ധീരമായ ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.
തയ്യാറാക്കിയത് : അംലന്‍ജ്യോതി മജുംദാര്‍
ഇ.എസ്.ഡി ഡയറക്ടര്‍
വിവരണം : പി.എസ്.തുളസിദാസ്