കോവിഡ് – 19 നിയന്ത്രണ വിധേയമാക്കാന്‍ സാര്‍ക്കിന്റെ കൂട്ടായ പരിശ്രമം

കോവിഡ് ഭീഷണി സാര്‍ക്ക് രാജ്യങ്ങളുടെ സഹായത്തോടെ പരിഹരിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കോവിഡ്-19 ചെറുക്കുന്നതിന്റെ ഭാഗമായി സാര്‍ക്ക് അംഗരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തി.

കോവിഡ്-19 ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമത്തെ എട്ട് അംഗരാജ്യങ്ങളും സ്വാഗതം ചെയ്തു. ശ്രീലങ്ക, മാല്ദ്വീവ്‌സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലെ സജീവ പങ്കാളികളായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തിലും കശ്മീര്‍ വിഷയം ഉയര്‍ത്തികാട്ടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാകിസ്ഥാന്റെ ആഭ്യന്തര വിഷയമാണ് എന്നിരിക്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമായിരുന്നു എന്നാണ് രാജ്യത്തെ പ്രധാന പത്രമായ ‘ഡോണ്‍’ തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തിലൂടെ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശ് പ്രധാനമന്ത്രിമാരെപോലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെങ്കില്‍ വൈറസ് ബാധ ചെറുക്കാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചേനെ എന്നാണ് പത്രം അഭിപ്രായപ്പെട്ടത്.
ജനസാന്ദ്രത ഏറെയുള്ള പ്രദേശമാണ് സാര്‍ക്ക് മേഖല. ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്നും ഇവിടെയാണ് തിങ്ങിപ്പാര്‍ക്കുന്നത്. എന്നാല്‍ ഈ എട്ട് രാജ്യങ്ങളിലും മഹാമാരി അതിന്റെ മൂന്നാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സാധാരണയായി രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കുന്നത്. ഇന്ത്യ ഒഴികെയുള്ള അംഗരാജ്യങ്ങള്‍ക്ക് ഇത്തരം ഒരു സന്ദര്‍ഭത്തെ ചെറുക്കാന്‍ വേണ്ട വിഭവങ്ങളോ, മനുഷ്യശക്തിയോ, അടിസ്ഥാന സൗകര്യമോ , ആരോഗ്യ രംഗത്തെ ഗവേഷണങ്ങളോ ഇല്ല എന്ന് വേണം അനുമാനിക്കാന്‍. പ്രധാനമന്ത്രി സ്വീകരിച്ച പ്രതിരോധ നടപടികളെ അംഗ രാജ്യങ്ങള്‍ പ്രശംസിച്ചു. പത്ത് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ് ലഭ്യമാക്കുക. സാര്‍ക്ക് രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നേപ്പാള്‍, ശ്രീലങ്ക, മാല്ദ്വീവ്‌സ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് ഒരു ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന പരിശോധന യന്ത്രങ്ങള്‍, സാനിറ്റൈസറുകള്‍ , മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ഇന്ത്യ കഴിഞ്ഞ അഞ്ച് ദിവസത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു.
സാര്‍ക്ക് മേഖലയിലെ മറ്റ് രാജ്യങ്ങളെക്കാള്‍ വേഗത്തിലാണ് പാകിസ്ഥാനിലും ഇന്ത്യയിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത്. പാകിസ്ഥാനില്‍ 450 -ല്‍പ്പരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ടുപേര്‍ മരണപ്പെട്ടതായും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള തലത്തില്‍ കോവിഡ് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജി-7 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ രോഗത്തെ ചെറുക്കാന്‍ ഒരു പൊതു തന്ത്രം മെനയുകയാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താ അവലോകനം.

തയ്യാറാക്കിയത് : രത്തന്‍ സാല്‍ദി
രാഷ്ട്രീയ വിശകലന വിദഗ്ദ്ധന്‍

വിവരണം : കൃഷ്ണ